കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കൊല്ലത്തും എറണാകുളത്തും കടല്‍ക്ഷോഭം രൂക്ഷമായി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാറിലെയും കല്ലാര്‍കുട്ടി ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍, ഷട്ടറുകള്‍ തുറന്ന് വെളളം പുറത്തേക്കൊഴുക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പെരിയാറിന്റെ ഇരുകരയിലുമുളളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇരു ഡാമുകളുടെയും രണ്ടു വീതം ഷട്ടറുകള്‍ ഉയര്‍ത്തി വെളളം പുറത്തേക്കൊഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കനത്ത മഴ തുടരുന്ന കാസര്‍കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലത്ത് മത്സ്യബന്ധനത്തിനുപോയ ബോട്ട് തകര്‍ന്ന് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ടുപേര്‍ രക്ഷപ്പെട്ടു. കൊല്ലത്ത് കടല്‍ക്ഷോഭവും രൂക്ഷമാണ്. ആലപ്പാട് കടല്‍ 50 മീറ്ററോളം കരയിലേക്ക് കയറി. കൊച്ചിയിലും മലപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. മഴ കനത്തോടെ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ടയിലെ 24 താലൂക്കുകളില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു.
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 19 മുതല്‍ 21 വരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 19ന് ഇടുക്കി,മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലും ജൂലൈ 20 ന് കാസര്‍കോട്, ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.