ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസവോട്ടുതേടും. ബെംഗളുരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം തവണയാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്.
വെള്ളിയാഴ്ച രാവിലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച യെദിയൂരപ്പ വൈകുന്നേരത്തോടെ അധികാരമേല്‍ക്കുകയായിരുന്നു. തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടിയ ശേഷം മാത്രമേ മന്ത്രിസഭാരൂപീകരണം ഉണ്ടാകുകയുള്ളു. വിമത എംഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു സൂചന. സഭയില്‍ ബിജെപിക്ക് നിലവില്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. 15 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യും എന്ന പ്രതീക്ഷയിലാണ് ബിജെപി.
2007 നവംബറിലാണ് യെദിയൂരപ്പ ആദ്യമായി കര്‍ണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് തിരഞ്ഞെടുപ്പിനു ശേഷം 2008 മെയ് 30 ന് അദേഹം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. 2018 മെയ് 17 നാണ് യെഡിയൂരപ്പ മുന്നാം വട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റത്. തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം രാജിവെയ്ക്കുകയായിരുന്നു.
വിമത എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പതിന്നാലുമാസമായിരുന്നു കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്സ്.