തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മോട്ടോര്‍ വാഹന ലംഘനത്തിനുള്ള വന്‍പിഴ കേരളത്തില്‍ നടപ്പിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് ശരിയായില്ല . കേരളത്തിലെ റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. ഗതാഗതകുരുക്കില്‍ റോഡില്‍ മണിക്കൂറുകള്‍ ആളുകള്‍ കഷ്ടപ്പെടുമ്പോളാണ് ഇരട്ടി പിഴയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു ദയയുമില്ലാതെ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
ഇപ്പോഴുള്ള നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു പകരം ഭീമമായ പിഴ ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കാൻ സാധ്യമല്ല. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ ഭേദഗതി നടപ്പാക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. എന്നിട്ടും കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു .