അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടു തടങ്കലില്‍. ഇവരെ കൂടാതെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ മറ്റ് നേതാക്കളും വീട്ടുതടങ്കലിലാണ്. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരായി ടിഡിപി യുടെ വന്‍ പ്രതിഷേധം തടയുന്നതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായി നടത്തുന്ന ആക്രണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധത്തിന് ടിഡിപി പദ്ധതിയിട്ടിരുന്നു.
ജഗന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു .
ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണ് ഇതെന്നും ഇന്ന് രാത്രി എട്ട് വരെ താൻ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു.
അക്രമം അഴിച്ചുവിട്ടത് ടിഡിപിയാണെന്നാരോപിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഇന്ന് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.