ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.
അനന്ത്‌നാഗില്‍ ഇന്നലെ രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. സമീപവാസികൾക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ജമ്മുകശ്മീരില്‍ പാക് സേനയുടെ പിന്തുണയോടെ എല്ലാ ദിവസവും ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന്റെ തെളിവ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക് അധീന കശ്മീരിലുള്ളവര്‍ നിയന്ത്രണരേഖ കടക്കരുത് എന്ന് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്‍തത്. പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുമെന്നാണ് ഇമ്രാന്‍ ട്വീറ്റ് ചെയ്തത്.
ജമ്മുകശ്മീര്‍ വിഷയം രാജ്യാന്തര തലത്തില്‍ പാകിസ്ഥാന്‍ വന്‍ ചര്‍ച്ചയാക്കുമ്പോള്‍ സൗദി അറേബ്യയെ ഒപ്പം നിറുത്താന്‍ ഇന്ത്യ നീക്കം തുടങ്ങി. ഈ മാസം 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയില്‍ എത്തും.