ന്യൂഡല്‍ഹി: അഭിഭാഷകരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സമരം നടത്തുന്ന പോലീസുകാര്‍ തിരിച് ജോലിയിൽ പ്രവേശിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍. തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പോലീസുകാര്‍ പണിമുടക്കുന്നത്. അച്ചടക്കമുള്ള സേനയെപ്പോലെ പെരുമാറണമെന്ന് സമരം ചെയ്യുന്ന പോലീസുകാരോട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് ആവശ്യപ്പെട്ടു. നിയമപാലനമാണ് സര്‍ക്കാരും ജനങ്ങളും നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം. സമരം ചെയ്യുന്ന എല്ലാ പോലീസുകാരും ജോലിയില്‍ പ്രവേശിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും സമരക്കാരെ അഭിസംബോധന ചെയ്ത് അമൂല്യ പട്‌നായിക് പറഞ്ഞു.
അതേസമയം പോലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസുകാര്‍. തങ്ങളുടെ ആവശ്യം കേള്‍ക്കാന്‍ പോലീസ് കമ്മീഷണര്‍ തയ്യാറാകണമെന്നും പോലീസുകാര്‍ ചോദിക്കുന്നു. എഎപി, കോണ്‍ഗ്രസ് തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പരിക്കേറ്റ അഭിഭാഷകരെ സന്ദര്‍ശിച്ചു. എന്നാല്‍ ഒരാള്‍ പോലും പരിക്കേറ്റ പോലീസുകാരെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നും സമരക്കാര്‍ പറയുന്നു.
പരിക്കേറ്റ അഭിഭാഷകരുടെ മൊഴിയെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ മേല്‍കോടതിയില്‍ ചോദ്യം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നും സമരം ചെയ്യുന്ന പോലീസുകാര്‍ ആവശ്യപ്പെടുന്നു.