ഐസ്വാള്‍: പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി സോറാംതാംഗ, മറ്റു മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍വാല, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് നാലു ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, ബിജെപി നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി.രമേശ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നലെയാണ് ശ്രീധരന്‍ പിള്ള കുടുംബത്തോടൊപ്പം മിസോറമിലെത്തിയത്. രാജ്ഭവനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കേന്ദ്രത്തില്‍ നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നതിനു ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നു സത്യപ്രതിജ്ഞയ്ക്കു ശേഷം ശ്രീധരന്‍ പിള്ള പറഞ്ഞു.
കഴിഞ്ഞ മാസം 25നാണ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണ്ണറായി നിയമിച്ചുകൊണ്ടു രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. മിസോറം ഗവര്‍ണ്ണര്‍ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ്.ശ്രീധരന്‍ പിള്ള. 2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമനായിരുന്നു മിസോറം ഗവര്‍ണര്‍.