ന്യൂദല്‍ഹി:കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹവാല ഇടപാടിലൂടെ കോടികളുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെയാണ് ആദായനികുതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൈമാറിയത്. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ ഇന്‍ഫാസ്ട്രക്ചര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും പാര്‍ട്ടി കോടികള്‍ സ്വീകരിച്ചെന്നും എന്നാല്‍ ഇതിന്റെ രേഖയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഇതിൽ വിശദീകരണം നല്‍കാന്‍ നവംബര്‍ നാലിന് നേരിട്ട് ഹാജരാകണമമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ആരും ഹാജരായില്ല. ഇതിനു പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് കൈമാറിയത്. പണം കൈപ്പറ്റിയതിന്റെ രേഖകള്‍ ഉടന്‍ കൈമാറാനും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹവാല ഇടപാടിലൂടെ ഹൈദ്രാബാദിലെ കമ്പനി 170 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. 150 കോടി രൂപ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക ദേശം പാര്‍ട്ടിക്ക് ലഭിച്ചെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.