ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം കാണിക്കുന്ന ഇവരെപ്പോലുള്ളവരാണ് രക്ഷസന്മാരെ വളരാൻ അനുവദിക്കുന്നതെന്ന് കങ്കണ പറഞ്ഞു.
''ഇന്ദിര ജെയ്‌സിങിനെ നാല് ദിവസത്തേക്ക് ആ ബലാത്സംഗികളോടൊപ്പം ജയിലില്‍ അടയ്ക്കണം. അവര്‍ അത് അര്‍ഹിക്കുന്നു. ബലാത്സംഗികളോട് സഹതാപം കാണിക്കുന്ന ഇവര്‍ ഏതുതരം സ്ത്രീയാണ് ? ഇത്തരം സ്ത്രീകളാണ് രാക്ഷസന്മാര്‍ക്ക് ജന്മം നല്‍കുന്നത്. തന്റെ പുതിയ ചിത്രം പംഗയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കവേ കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.