നവതിയുടെ നിറവില്‍ ബോംബെ കേരളീയ സമാജം; നവതിയാഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും  

200 0

മാട്ടുoഗ: മുംബൈയിലെ പ്രഥമ  മലയാളി സംഘടനയായ ബോംബെ കേരളീയ സമാജത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക്  ശനിയാഴ്ച്ച തുടക്കം കുറിക്കും.  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ദാദര്‍ ഈസ്റ്റ് ഹിന്ദു കോളനിയിലെ ബി.എന്‍.വൈദ്യ സഭാഗൃഹ ഹാളില്‍ (കിംഗ് ജോര്‍ജ് സ്‌കൂള്‍ ഓഡിറ്റോറിയം) വൈകിട്ട് 6 ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യരി നിര്‍വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് ചന്ദ്രന്‍,ആദായ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും കലാ,കായിക,സാമൂഹ്യ,സംസ്‌കാരിക,രാഷ്ട്രീയ,വ്യവസായ  രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന  സമ്മേളനത്തില്‍ സമാജം പ്രസിഡന്റ്  ഡോക്ടര്‍ സുരേഷ്‌കുമാര്‍ മധുസൂദനന്‍ അദ്ധ്യക്ഷത വഹിക്കും. സമാജം സെക്രട്ടറി പ്രേമരാജന്‍ നമ്പ്യാര്‍ സ്വാഗതവും സംയുക്ത സെക്രട്ടറി കെ.പത്മാസുന്ദരന്‍ കൃതജ്ഞതയും പറയും.

                                                                                                                                                                                                                                        

തുടര്‍ന്ന് പ്രശസ്ത സിനിമ പിന്നണി ഗായകരായ  സുധിപ് കുമാര്‍, സംഗീത ശ്രീകാന്ത് പ്രേം, പ്രേം  കുമാര്‍,വിജയ് കുമാര്‍, സെബാസ്റ്റ്യന്‍,മധു നമ്പ്യാര്‍,ശ്രുതി സുധീര്‍  എന്നിവര്‍ ഒരുക്കുന്ന സംഗീത സന്ധ്യയും ഡോക്ടര്‍  സുനന്ദ നായര്‍ (അമേരിക്ക) അവതരിപ്പിക്കുന്ന കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടവും അരങ്ങേറും.

     

                                                                                                        

നവതിയാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ മുംബൈ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. നടത്ത മത്സരം,കലോത്സവം,സാഹിത്യ സമ്മേളനം,അക്ഷരശ്ലോക മത്സരം,നാടക മത്സരം,പാചക മേള,തൊഴില്‍ മേള,കളരി പയറ്റ് എന്നിവ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം ' ട്രാഫിക് നിയമങ്ങള്‍ പാലിക്കും ജീവന്‍ രക്ഷിക്കും' എന്ന ആശയം മുന്‍നിര്‍ത്തി  പതിനായിരത്തിലേറെ ആളുകളെ പങ്കെടുപ്പിച്ചു മുംബൈയില്‍ മാരത്തോണും സംഘടിപ്പിക്കുന്നുണ്ട്.

നവതി ആഘോഷങ്ങളുടെ ഭാഗമായി സമാജം സംഗീത മത്സരം സംഘടിപ്പിച്ചിരുന്നു. അതില്‍ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മശ്രീ ജേതാവുമായ പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായ മധുശ്രീ നാരായണനും പണ്ഡിറ്റ് രമേശ് നാരായണനുംമാണ്. സമാജം തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ സുകൃതം തന്റെ തൂലികയിലൂടെ ചലിപ്പിച്ച് മഹനീയമാക്കിയത് മുംബൈയുടെ പ്രിയനക്കാരനായ എ ആര്‍ ദേവദാസ്.

നവതി ആഘോഷങ്ങളുടെ വിജയത്തിനായി ഡോക്ടര്‍ പി.ജെ.അപ്രേം ചെയര്‍മാനായി 101 അംഗങ്ങളെ ഉള്‍പ്പെടുത്തി 10 കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. എം.ബിജു കുമാര്‍ (ഇവെന്റ് മാനേജ്മെന്റ്) ദേവദാസ് ജി.നായര്‍ (സാമ്പത്തികം),സുരേന്ദ്ര ബാബു (കലാ-സാംസ്‌കാരികം),സി.പി.കൃഷ്ണകുമാര്‍ (സാഹിത്യം),എസ്.പ്രസന്ന ചന്ദ്രന്‍  (ഭക്ഷണം),മധു നമ്പ്യാര്‍ (സ്വാഗതം), ആഷിഷ് എബ്രഹാം (മാധ്യമം- പരസ്യം),ഗീതാ പിള്ള (ഭക്ഷണ മേള),മധു നമ്പ്യാര്‍ (തൊഴില്‍ മേള),ആര്‍.പ്രേംലാല്‍ (ഡയറക്ടറി) എന്നിവര്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്മാരായി പ്രവര്‍ത്തിക്കുന്നു.

                                                                                                                             
നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേരള പിറവിദിനമായ  2020 നവംബര്‍ 1 ന് മാട്ടുoഗയിലെ ശ്രീ ഷണ്മുഖാനന്ദ ചന്ദ്രശേഖരാനന്ദ സരസ്വതി ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ കലാ,കായിക,സാമൂഹ്യ,സംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്നതാണെന്ന് സമാജം സെക്രട്ടറി പ്രേമരാജന്‍ നമ്പ്യാര്‍ (9820166328) അറിയിച്ചു.

.

                                                                                                                             

തിരിഞ്ഞു നോട്ടം

1930 കളുടെ അവസാന പകുതിയില്‍, ബോംബെ കേരളീയ സമാജത്തിന്റെ ബാനറില്‍ മുംബൈയിലെ കേരളീയരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്സാഹികളായ ഏതാനും മലയാളികള്‍ സ്വയം സംഘടിച്ചു. മുംബൈയിലെ മലയാളികളുടെ ആദ്യത്തെ സമാജമായിരുന്നു അത്. 1934 ല്‍ സമാജ് രജിസ്‌ട്രേഷന്‍ ആക്റ്റ്, 1860 പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സമാജത്തിന്റെ സ്വന്തം കെട്ടിടം കേരള ഭവനം 1958 ല്‍ അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ശ്രീ വി.കെ. കൃഷ്ണ മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സമാജ് 1936 ല്‍ മുംബൈയില്‍ എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കുമായി ഉച്ചഭക്ഷണം സംഘടിപ്പിച്ചു. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സംഭവം അന്നത്തെ ദേശീയ ദിനപത്രമായ ബോംബെ ക്രോണിക്കിള്‍ പ്രത്യേകം എടുത്തു പറഞ്ഞ് അഭിനന്ദിക്കുകയുണ്ടായി.

മുംബൈയില്‍ അഞ്ച് സ്ഥലങ്ങളില്‍ സമാജം ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചു. യോഗ്യതയുള്ള പരിചയസമ്പന്നരായ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഈ ഡിസ്‌പെന്‍സറികളില്‍ സൗ ജന്യ കണ്‍സള്‍ട്ടേഷനുകള്‍ നടത്തുന്നു. ഈ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ മറ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ പഞ്ചകര്‍മ ചികിത്സകള്‍ നടത്തുന്നുണ്ട്.

1943 മുതല്‍ വിവിധ പ്രകൃതിദുരന്തങ്ങള്‍, ക്ഷാമം, കോളറ തുടങ്ങിയ ദുരന്തവേളകളില്‍ സമാജം ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സ്വന്തം ഫണ്ടില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള ധനശേഖരണത്തിലൂടെയുമാണ് ഇതിനായി പണം കണ്ടെത്തുന്നത്. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 14 ട്രക്ക് ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു. സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 51 ലക്ഷം രൂപ സംഭാവന ചെയ്തു.
 
തൊഴിലാളികളുടെയും മറ്റ് ദരിദ്രരായ മലയാളികളുടെയും താമസ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബോംബെ കേരളീയ സമാജ് കോപ്പറേറ്റീവ് ഹോസ്റ്റല്‍ സൊസൈറ്റി ലിമിറ്റഡും ഉണ്ട്. ചികിത്സയ്ക്കായി മുംബൈ സന്ദര്‍ശിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി സമാജത്തിന്റെ അതിഥി മന്ദിരത്തിലെ ഏതാനും മുറികള്‍ വളരെ കുറഞ്ഞ നിരക്കില്‍ നീക്കിവച്ചിരിക്കുന്നു.

വിശാല കേരളം എന്ന പേരില്‍ ഒരു സാഹിത്യ പ്രസിദ്ധീകരണം 1945 ല്‍ ആരംഭിച്ചു. ഇപ്പോള്‍ വര്‍ഷത്തില്‍ മൂന്നുതവണ പ്രസിദ്ധീകരിക്കുന്നു, വിഷു, ഓണം, പുതുവത്സരം എന്നീ വേളകളിലാണ് വിശാല കേരളത്തിന്റെ പ്രസിദ്ധീകരണം. വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കും കവികള്‍ക്കും അവസരമൊരുക്കുന്നതിനൊപ്പം മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സമ്പുഷ്ടീകരണത്തിനും മാഗസിന്‍ വലിയ സംഭാവന നല്‍കുന്നു.

1960 ല്‍ ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ഫീസ് ആനുകൂല്യങ്ങളോടെയുള്ള കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകള്‍ സമാജം ആരംഭിച്ചു. ജൂനിയര്‍ കെജി, സീനിയര്‍ കെജി എന്നിവയില്‍ രണ്ട് ഡിവിഷനുകളിലായി 140ഓളം വിദ്യാര്‍ത്ഥികളുണ്ട്. ഭരതനാട്യം, കഥക് നൃത്തം, യോഗ, പ്രഭാഷണങ്ങള്‍, സാഹിത്യവേദി, മലയാള ഭാഷാ ക്ലാസ്, ഭഗവദ്ഗീത ക്ലാസ് തുടങ്ങി വിവിധ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

സാമൂഹിക അവബോധവും ആരോഗ്യകരമായ ജീവിതശൈലിയും സൃഷ്ടിക്കുകയെന്ന പ്രതിജ്ഞാബദ്ധതയോടെ ബോംബെ കേരളീയ സമാജ് 1960 കള്‍ മുതല്‍ കായിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 1962 ല്‍ ശിവാജി പാര്‍ക്കില്‍ സമാജിനായി ഒരു സ്‌പോര്‍ട്‌സ് പവിലിയന്‍ അനുവദിച്ചിരുന്നു. വിവിധ പ്രായക്കാര്‍ക്കായി നടത്ത മത്സരം പോലുള്ള കായിക മത്സരങ്ങള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. ജനങ്ങളുടെ പങ്കാളിത്തത്താല്‍ ഏറെ ശ്രദ്ധേയമാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നല്‍കും.

ഓണാഘോഷങ്ങളോടനുബന്ധിച്ച് ബോംബെ കേരളീയ സമാജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, പ്രശസ്ത ഗായകരുടെ ഓര്‍ക്കസ്ട്ര, ഓണസദ്യ തുടങ്ങിയവ നടത്തിവരുന്നു. 2019 ലെ ഓണാഘോഷങ്ങള്‍ക്ക് ടൈംസ് നെറ്റ്വര്‍ക്കിന്റെ എംഡിയും സിഇഒയുമായ എംകെ ആനന്ദ് മുഖ്യാതിഥിയായിരുന്നു. മുരുകന്‍ കാട്ടക്കട വിശിഷ്ടാതിഥിയായിരുന്നു.

Related Post

ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു

Posted by - Jun 15, 2018, 06:48 pm IST 0
ആലപ്പുഴ: ആലപ്പുഴയില്‍ ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജര്‍ ജോസിയെയാണ് പുളിങ്കുന്ന് സ്വദേശി വിനോദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലപാതക കാരണം…

ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Mar 12, 2018, 12:39 pm IST 0
ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ്.ഈ നിയമ പ്രകാരം ആഴിമതി ചൂണ്ടിക്കാട്ടിയവർ ഭീഷണി…

മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി

Posted by - Jan 4, 2019, 02:07 pm IST 0
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാഴ്ച മുമ്പേ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ്. പരാതി ലഭിച്ചിട്ട്…

മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി

Posted by - Dec 26, 2018, 09:14 pm IST 0
മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആറന്‍മുളയില്‍ നിന്നാണ് തങ്കഅങ്കി സന്നിധാനത്തേക്ക്…

ശബരിമലയില്‍ യുവതീ പ്രവേശനം ; യുവാവിന് നേരെ ആക്രമണം

Posted by - Nov 29, 2018, 12:15 pm IST 0
കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ സംഗീതിനെ…

Leave a comment