ലഖ്നൗ: അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഭൂമിയാണ് സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.
ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. മുസ്ലിം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.