കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവർ വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് പ്രാദേശിക തലത്തിൽ തന്നെ ഉറപ്പാക്കേണ്ടതാണ്. വാർഡ് മെമ്പർമാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. വിദേശത്ത് നിന്ന് വരുന്നവർ രോഗ ലക്ഷണങ്ങളില്ലെന്ന കാരണത്താൽ ആരോഗ്യവകുപ്പുമായി സഹകരിക്കാതിരിക്കുന്നത് നല്ലതല്ല. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കണം. കോറോണ ബാധ സംശയിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനം സംസ്‌കാരമുള്ള സമൂഹത്തിന് ചേരുന്നതല്ലെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവങ്ങൾ, വിവാഹം തുടങ്ങി ആൾക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങൾ പരമാവധി ഒഴിവാക്കണം.
കൊറോണയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ജാഗ്രതയോടെ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും കൊറോണ ബാധിത മേഖലയിലുള്ളവർ സംസ്ഥാനത്ത് പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പു പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതാത് പ്രദേശങ്ങളിൽ കൊറോണ ബാധിത മേഖലയിൽ നിന്നു വന്നവർ ഉണ്ടെങ്കിൽ കണ്ടെത്താനും ആരോഗ്യവകുപ്പിനെ അറിയിക്കാനും എല്ലാവരും ശ്രദ്ധിക്കണം. പ്രതിരോധത്തിനുള്ള സാധ്യമായ സംവിധാനങ്ങളെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടു കൂടിയേ വിജയകരമായി പ്രതിരോധം നടപ്പാക്കാനാകുവെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലയിൽ പ്രതിരോധ സംവിധാനങ്ങൾ സജ്ജം: ജില്ലാ കളക്ടർ
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനുള്ള സംവിധാനങ്ങൾ ജില്ലയിൽ സജ്ജമാണെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. കൊറോണ സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിന് വിവിധ ആശുപത്രികളിലായി ബെഡുകൾ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ ഒറ്റ ദിവസം കൊണ്ട് കൂടുതൽ ഐസ്വലേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പും പൂർണമാണ്. ആവശ്യത്തിന് ആംബുലൻസുകളും ഉറപ്പാക്കിയിട്ടുണ്ട്. കൊറോണ സംശയനിവാരണത്തിനുള്ള ജില്ലാ കൺട്രോൾ റൂമിൽ 30 മെഡിക്കൽ പി.ജി. വിദ്യാർഥികളെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെല്ലാം ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. പ്രാഥമിക പരിശോധനകൾക്ക് എല്ലാവരും മെഡിക്കൽ കോളേജിൽ എത്തുന്നതിനു പകരം അടുത്തുള്ള സർക്കാർ ആശുപത്രികളിൽ പോകുന്നതാണ് ഉചിതം. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കളക്ടർ പറഞ്ഞു.