ന്യൂഡല്‍ഹി: കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍, ഹിന്ദിയില്‍ എഴുതിത്തയ്യാറാക്കിയ പോസ്റ്റര്‍ കാണിച്ചാണ് പ്രധാനമന്ത്രി നിര്‍വചനം പറഞ്ഞത്.
കൊ=കോയീ (ആരും), റോ= റോഡ് പര്‍ (റോഡില്‍ ), നാ= നാ നികലേ (ഇറങ്ങരുത്). കൊറോണ എന്നതിന്റെ അര്‍ഥം ആരും റോഡില്‍ ഇറങ്ങരുത് എന്നാണെന്നായിരുന്നു മോദിയുടെ വിശേഷണം.
ആരോഗ്യമുണ്ടെങ്കിലേ ലോകമുള്ളൂ( ജാന്‍ ഹെ തോ ജഹാന്‍ ഹെ) എന്ന് പ്രസംഗത്തിനിടയില്‍ ജനങ്ങളെ ഓര്‍മിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. കൊറോണയെ നേരിടാന്‍ ജീവിതം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രാര്‍ഥിക്കണമെന്നായിരുന്നു മോദിയുടെ അഭ്യര്‍ഥന.
രോഗവ്യാപനത്തിന്റെ കണക്കുകളും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരു ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ 66 ദിവസം വേണം. എന്നാല്‍, രണ്ടു ലക്ഷം പേര്‍ക്ക് പടരാന്‍ 11 ദിവസം മതി. തുടര്‍ന്ന് മൂന്നുലക്ഷം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ നാലു ദിവസം മാത്രം മതി. കാട്ടു തീ പോലെ രോഗം പടരും. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനത്തെ തടയാനുള്ള മാര്‍ഗം. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച വരുത്തിയാല്‍ ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും. അതിനാല്‍ വീട്ടില്‍ കഴിയുക, വീട്ടില്‍ത്തന്നെ കഴിയുക, വീട്ടില്‍ മാത്രം കഴിയുക -പ്രധാനമന്ത്രി പറഞ്ഞു.