രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) എല്ലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ജൂൺ 30 വരെ തത്ക്കാലം മാറ്റിവച്ചു. ഇതോടെ ജൂൺവരെ ലോക ക്രിക്കറ്റിൽ ഒരു മത്സരവും നടക്കില്ലെന്ന് ഉറപ്പായി. കോവിഡ്–-19 കാരണം നേരത്തേതന്നെ മറ്റ് രാജ്യാന്തര മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കേണ്ട ട്വന്റി–-20 ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വൈറസ് ബാധയുടെ വ്യാപനം അവസാനിച്ചില്ലെങ്കിൽ മാത്രമേ ലോകകപ്പ് മാറ്റാനുള്ള സാധ്യതകൾ ആലോചിക്കുവെന്ന് ഐസിസി വ്യക്തമാക്കി. ദുബായിൽ ചേർന്ന് ഐസിസി യോഗത്തിലാണ് തീരുമാനം.
ഈ വർഷത്തെ ട്വന്റി–-20 ലോകകപ്പ്, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പ്, 2023ലെ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് മാറ്റിയവ. എട്ട് ഇടങ്ങളിലായി അരങ്ങേറേണ്ട യോഗ്യതാ ടൂർണമെന്റുകളാണ് നിർത്തിയത്. ജൂൺ 30ന് ശേഷം ഇവ നടത്താനുള്ള സാഹചര്യം പിന്നീട് പരിശോധിക്കും. ട്വന്റി‐20 ലോകകപ്പ് ട്രോഫി പര്യടനവും മാറ്റി.
അടുത്തവർഷം ന്യൂസിലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ യോഗ്യതാ കളികൾ ജൂലൈ മൂന്നുമുതൽ ശ്രീലങ്കയിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ മത്സരങ്ങളുടെ കാര്യത്തിലും സാഹചര്യം പരിഗണിച്ച് പിന്നീട് തീരുമാനിക്കും.
‘ലോകം ഒരു മഹാമാരിയെ നേരിടുകയാണ്. ഈ അവസരത്തിൽ എല്ലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മാറ്റുകയാണ്’–-ഐസിസി മത്സര നടത്തിപ്പ് തലവൻ ക്രിസ് ടെറ്റ്‌ലി പറഞ്ഞു. ഒക്‌ടോബർ 18നാണ് ട്വന്റി–-20 ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പ് മാറ്റാനുള്ള ചർച്ച യോഗത്തിൽ ഉയർന്നില്ലെന്നാണ് അറിയുന്നത്.സെപ്‌തംബറിൽ നടക്കേണ്ട ഏഷ്യാ കപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്