യങ്കൂണ്‍: അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ച മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരേ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 18 മരണം. യങ്കൂണ്‍, ദാവേയ്, മന്‍ഡാലേ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഒന്നിനു നടത്തിയ പട്ടാള അട്ടിമറിക്കെതിരേ ആഴ്ചകളായി ജനം സമരത്തിലാണ്. എന്നാല്‍, ശനിയാഴ്ചയോടെയാണ് പോലീസും പട്ടാളവും അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചത്.
റോഡുകളില്‍ തമ്പടിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയ പോലീസ് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു. തുടര്‍ന്നാണു വെടിവയ്പ്പുണ്ടായത്. പത്തുപേര്‍ മരിച്ചതായാണു റിപ്പോര്‍ട്ടുകളെങ്കിലും മരണസംഖ്യ വര്‍ധിക്കുമെന്നാണു സൂചന. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. യങ്കൂണില്‍ മാത്രം നാലുപേരാണു കൊല്ലപ്പെട്ടത്. നിരവധി പേരെ സൈന്യം കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.