ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 100-ാം ദിനത്തില്‍. ഇന്ന് മനേസര്‍ എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ പ്രചാരണം ഈ മാസം 12 മുതല്‍ തുടങ്ങാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
നിയമങ്ങള്‍ പിന്‍വലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്. ജനുവരി 22നായിരുന്നു കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ സമരത്തിനെതിരെ സര്‍ക്കാരിനുള്ള ആയുധവുമാകുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ് കര്‍ഷകരുടെ നീക്കം.