ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഭരണമുണ്ടാക്കാന്‍ 35 സീറ്റുമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയതാണ് സുരേന്ദ്രന്‍. കേരളത്തില്‍ ഭരണം പിടിക്കാന്‍ 71 സീറ്റ് വേണ്ട.
നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. അവിടേക്ക് ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള കരുത്തരായ സ്ഥാനാര്‍ഥികളെ സ്വാഗതം ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ധര്‍മ്മടം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തും.
ബിജെപി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരത്തിന് ശേഷം പ്രഖ്യാപിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്ന യോഗം വൈകുന്നേരം പാര്‍ട്ടി ആസ്ഥാനത്ത് നടക്കും. ഇന്നു രാത്രിയോ നാളെയോ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ മുന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടികയിലും യോഗം അന്തിമ തീരുമാനമെടുക്കും.