തിരുവനന്തപുരം: നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിട്ടൊരു കളിയുമില്ലെന്നും 11 തവണ മത്സരിച്ചു ജയിച്ച മണ്ഡലവുമായി അഭേദ്യമായ ബന്ധം നില നില്‍ക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. നേമം മണ്ഡലത്തിലെ മത്സരം ഗൗരവമായി തന്നെയാണ് താന്‍ കാണുന്നതെന്നും എന്നാല്‍ നേമത്ത് മറ്റൊരു കരുത്തന്‍ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇനി എന്നു മത്സരിച്ചാലും അത് പുതുപ്പള്ളിയില്‍ തന്നെയാകുമെന്നും ഒരു മണ്ഡലത്തിലേ താന്‍ മത്സരിക്കൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടിയെ നേമവുമായി ചേര്‍ത്തുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പിനെയും പ്രകോപിപ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്ന രീതിയിലാണെന്നാണ് അവരുടെ വിലയിരുത്തല്‍.
ഇത്തരം പ്രചരണങ്ങള്‍ ബിജെപിയ്ക്ക് അനാവശ്യ ഹൈപ്പ് ഉണ്ടാക്കിക്കൊടുക്കാനാണ്. ഉമ്മന്‍ചാണ്ടി അല്ലാതെ മറ്റാര് മത്സരിച്ചാലും നേമത്ത് ഗുണം ചെയ്യില്ല എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ബിജെപിയ്ക്ക് ഗുണകരമാകും. ഇത്തരം ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഇവിടെ അവതരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ സാധ്യതയെക്കൂടി ബാധിക്കുന്നതാണെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു.
അതേ സമയം നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വരുമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയും പറയുന്നത്. പ്രശസ്തനായ പൊതുസമ്മതിയുള്ള ആള്‍ ഇവിടെ മത്സരിക്കാനെത്തുമെന്ന് പറയുന്നു.