നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted by - Nov 20, 2019, 01:59 pm IST

തിരുവനന്തപുരം:  ചൊവ്വാഴ്ച നടന്ന കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവർക്ക് പൊലീസ് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലേക്കെത്തിയത്. കെ.എം. അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മര്‍ദനമേല്‍ക്കുന്ന ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അതേസമയം, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു വെന്നും ഡോക്ടറോട് സംസാരിച്ചതായും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യോത്തരവേള തുടരട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. 

ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി    

Posted by - Nov 20, 2019, 01:54 pm IST

ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ ശബരിമലയുമായി താരതമ്യം ചെയ്യരുത്. നിയമം കൊണ്ടു വരാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കരട് ബിലിൽ  സര്‍ക്കാര്‍  മൂന്നിലൊന്ന് സ്ത്രീ സംവരണം നല്‍കിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. വിഷയത്തില്‍ ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കില്‍ സ്ത്രീകളെ എങ്ങനെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.

ഇനിമുതൽ ആധാര്‍ സേവാ കേന്ദ്രങ്ങള്‍  ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും  

Posted by - Nov 20, 2019, 10:47 am IST

ന്യൂഡല്‍ഹി: ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും. നേരത്തെ ചൊവാഴ്ചകളില്‍ സേവാകേന്ദ്രങ്ങള്‍ക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദിവസവും  ഓരോ കേന്ദ്രത്തിലും 1000 പേര്‍ക്ക് സേവനം ലഭിക്കും.  പാസ്‌പോര്‍ട്ട് സേവാ കേന്ദ്രകളുടെ മാതൃകയിലാണ് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്താണ് സേവനങ്ങള്‍ക്കായി കേന്ദ്രങ്ങളെ സമീപിക്കേണ്ടത്.

വേണ്ടിവന്നാൽ രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കും: രജനി കാന്ത് 

Posted by - Nov 20, 2019, 10:33 am IST

ചെന്നൈ:  കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതിനു തയ്യാറാണെന്ന്  അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രജനികാന്ത് രംഗത്ത് വന്നത്. സ്വന്തം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്നും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു

Posted by - Nov 19, 2019, 05:14 pm IST

ന്യൂ ഡൽഹി :  സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറ് പേർ മരിച്ചു. സൈന്യത്തിന് വേണ്ടി ചുമടെടുക്കുന്ന രണ്ട് പേരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്. ഇന്നലെ വൈകന്നേരം 3.30ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചിൽ ആരംഭിച്ച സമയത്ത് അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടവരാണ് മഞ്ഞിനടിയിലായത്.

മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത്: പി മോഹനൻ   

Posted by - Nov 19, 2019, 05:08 pm IST

കോഴിക്കോട് :  മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. താമരശ്ശേരിയിൽ വെച്ച് നടന്ന കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.  ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തിൽ ഇപ്പോൾ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും മോഹനൻ പറഞ്ഞു. മാവോയിസ്റ്റുകളും ഇസ്ലാം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിൽ നല്ല ബന്ധമുണ്ട്. ഈ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളെ  വളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി  

Posted by - Nov 19, 2019, 03:38 pm IST

കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് . നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പിലാക്കണ മെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.  കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

നെടുമ്പാശേരി വിമാനത്താവള നവീകരണ പണികൾ  നാളെ തുടങ്ങും: പകല്‍ സര്‍വീസ് ഇല്ല

Posted by - Nov 19, 2019, 03:10 pm IST

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ നാളെ തുടങ്ങും. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക. ഇതേത്തുടര്‍ന്ന് മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു.  

മദ്രാസ് ഐഐടി വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിച്ചു   

Posted by - Nov 19, 2019, 03:01 pm IST

ചെന്നൈ : മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് കാരണമായ സന്ദർഭങ്ങൾ  ചർച്ച ചെയ്യാമെന്ന്  ഐഐടി അധികൃതർ. ഈ  ഉറപ്പിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.  ആഭ്യന്തര അന്വേഷണത്തിന്റെ കാര്യത്തിൽ ഐഐടി ഡയറക്ടർ തിരിച്ചെത്തിയാൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും മാനസിക സമ്മർദ്ദം കുറയ്ക്കാനായി വിദഗ്ധരുടെ സേവനം കോളേജിൽ ഉറപ്പ് വരുത്തുമെന്നും ഡീൻ വ്യക്തമാക്കി.   

കോൺഗ്രസ്സ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ  

Posted by - Nov 19, 2019, 02:51 pm IST

കോഴിക്കോട് : കുറ്റ്യാടിയിലെ കോൺഗ്രസ്  ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ടിൽ അമ്പലകുളങ്ങരയിലെ കോൺസ്സിന്റെ ഓഫീസിലാണ് വടക്കേ മുയ്യോട്ടുമ്മൽ ദാമോദരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.  

ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍: ശിവസേന  

Posted by - Nov 19, 2019, 10:43 am IST

മുംബൈ: ചിലര്‍ ജനിക്കുന്നതിനും മുമ്പേ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിൽ  പരാമര്‍ശമുണ്ടായത്. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ തുടര്‍ച്ചയായാണ് ഇതും. ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍. ആ സമയത്ത് നിങ്ങളില്‍ പലരും ജനിച്ചിട്ടുപോലുമില്ല- സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ഞങ്ങള്‍ എന്‍ഡിഎയ്ക്ക് എതിരായി എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ എന്തുകൊണ്ടാണ് അക്കാര്യം എന്‍ഡിഎ. യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത്.

ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി അധ്യാപകരും പ്രതിഷേധത്തില്‍

Posted by - Nov 19, 2019, 10:31 am IST

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധന ക്കെതിരായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധ യോഗം ചേരും. വിദ്യാര്‍ഥികള്‍ ഇന്നലെ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിലായിരുന്നു പോലീസിന്റെ മര്‍ദനം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പോലും പോലീസ് തല്ലിച്ചതച്ചെന്ന് അധ്യാപകര്‍ ആരോപിച്ചു.  എന്നാൽ  വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണങ്ങള്‍ ഡല്‍ഹി പോലീസ് നിഷേധിച്ചു.

ഗതാഗത മന്ത്രിയുമായി നടത്തിയ  ചർച്ചയെ തുടർന്ന്  സ്വകാര്യ  ബസ് സമരം മാറ്റിവെച്ചു

Posted by - Nov 18, 2019, 06:47 pm IST

തിരുവനന്തപുരം: ബസ് ഉടമകൾ 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.  മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കുക ടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

എൻസിപിയെ പ്രശംസിച് രാജ്യ സഭയിൽ മോഡി 

Posted by - Nov 18, 2019, 05:51 pm IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികസനത്തിൽ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ്‌ രാജ്യസഭാംഗത്വം. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.  2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി രാജ്യസഭിയില്‍ നടത്തിയ പ്രസംഗത്തെ മോദി അനുസ്മരിച്ചു. പലരും കരുതിയത് മുത്തലാഖ് ബില്‍ രാജ്യസഭയിൽ പാസാവില്ല  എന്നാണ്. എന്നാല്‍ ബില്‍ പാസ്സാക്കാന്‍ രാജ്യസഭ തയ്യാറായത് ഈ സഭയുടെ പക്വതയാണ്

തിരുവനന്തപുരം – കൊല്ലം പാതയിൽ ട്രെയിനിടിച് 10 പോത്തുകൾ ചത്തു 

Posted by - Nov 18, 2019, 04:42 pm IST

തിരുവനന്തപുരം: വേളിക്ക് സമീപം തിരുവനന്തപുരം –കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് ട്രെയിൻ ഇടിച്ച് പത്തു പോത്തുകൾ ചത്തു. പാളത്തിലേയ്ക്ക് ഓടിക്കയറിയ പോത്തുകളെയാണ്  ജനശതാബ്ദി എക്സ്പ്രസ്സ് ഇടിച്ചിട്ടത്. വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് അര മണിക്കൂർ പിടിച്ചിട്ടു.