രാജ്യസഭാതെരഞ്ഞെടുപ്പ് മെയ് രണ്ടിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി  

Posted by - Apr 12, 2021, 02:56 pm IST

കൊച്ചി: സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് മെയ് രണ്ടിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ നിയമസഭാ സെക്രട്ടറിയും സിപിഎമ്മും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. പുതിയ നിയമസഭാ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങള്‍ വോട്ടു ചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നാണ് നിയമമന്ത്രാലയം അറിയിച്ചതെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; കടകള്‍ ഒമ്പത് മണിവരെ, പൊതുചടങ്ങുകള്‍ക്ക് നിയന്ത്രണം  

Posted by - Apr 12, 2021, 11:37 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈര്‍ഘ്യം പരമാവധി രണ്ടുമണിക്കൂറാക്കി നിജപ്പെടുത്തി.   ഒമ്പത് മണിക്ക് മുമ്പ് കടകള്‍ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം പൊതുപരിപാടിക്ക് അകത്ത് 100 പേര്‍ മാത്രവും പുറത്ത് 200 പേര്‍ക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം. കൂടുതല്‍ പേരെ പങ്കെടുപ്പിക്കണം എങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായിരിക്കും.പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ.