ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് ഭാര്യയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെന്ന കേസില്‍ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി. കേസില്‍ ജീവപര്യന്തം തടവും ജോലിയില്‍നിന്നു പിരിച്ചുവിടാനുമുള്ള വിചാരണക്കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷയനുഭവിക്കേ പ്രതി 2016 ഏപ്രിലില്‍ മരണമടഞ്ഞിരുന്നു. നൂറുശതമാനം പൊള്ളലേറ്റ യുവതിയുടെ മരണമൊഴി മാത്രം പരിഗണിച്ച് ശിക്ഷ വിധിക്കുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു.
മരണമൊഴി മാത്രമാണ് പ്രോസിക്യൂട്ടറായ അമിത് ഛദ്ദയും അന്വേഷണോദ്യോഗസ്ഥരും മുഖവിലയ്‌ക്കെടുത്തത്. ഇതനുസരിച്ച് േപാലീസ് യുവതിയുടെ സഹോദരീഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. വിചാരണയ്ക്കുശേഷം 2002 മാര്‍ച്ചില്‍ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. ഒരു മാസത്തിനുശേഷം വിധിക്കെതിരേ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ നിലനില്‍ക്കേ പ്രതി 2016 ഏപ്രില്‍ മൂന്നിന് മരണമടഞ്ഞു. 1993 ഏപ്രിലില്‍ തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പുരിലാണ് സംഭവം. പൊള്ളലേറ്റ യുവതിയെ ഭര്‍ത്താവാണ് സഫ്ദര്‍ജങ് ആശുപത്രിയിലെത്തിച്ചത്.
സഹോദരീഭര്‍ത്താവ് തന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് യുവതിയുടെ ഭര്‍ത്താവ് ഡോക്ടറെ ധരിപ്പിച്ചത്. വിചാരണക്കോടതിയുടെ വിധിക്കെതിരേ പ്രതിയുടെ മകന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വിധി. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിലെ പ്രതിയുടെ ജോലി മകനു നല്‍കാനും ശമ്പളക്കുടിശ്ശികയും ആനുകൂല്യവും നല്‍കാനും ഉത്തരവായി.
എസ്. മുരളീധര്‍, ഐ.എസ്. മേത്ത എന്നിവരടങ്ങിയ ബെഞ്ച്, കേസന്വേഷണത്തില്‍ പോലീസ് വരുത്തിയ വീഴ്ച ചൂണ്ടിക്കാണിക്കുകയും തെളിവുകള്‍ പരസ്പരവിരുദ്ധമാണെന്നു കണ്ടെത്തുകയും ചെയ്തു. പ്രതി തന്നെ ജീവനോടെ കത്തിച്ചെന്ന യുവതിയുടെ മരണമൊഴിയിലെ പ്രസക്തഭാഗങ്ങളും ഫൊറന്‍സിക് തെളിവുകളും പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകളും തമ്മില്‍ യോജിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.