ഷിക്കാഗോ: യുഎസ് സംസ്ഥാനമായ വിസ്കോന്‍സിനിലെ ഓയില്‍ റിഫൈനറിയില്‍ പൊട്ടിത്തെറി. 11 പേര്‍ക്ക് പരിക്കേറ്റു. ഹസ്കി എനര്‍ജി കമ്പനിയുടെ ഓയില്‍ റിഫൈനറിയിലാണ് അപകടം. ക്രൂഡ് ഓയില്‍ സൂക്ഷിച്ചിരുന്ന ചെറിയ ടാങ്കാണ് പൊട്ടിത്തെറിച്ചത്. പിന്നാലെ കമ്പനിയുടെ പുകക്കുഴലില്‍നിന്നു കറുത്ത പുക ഉയര്‍ന്നതു പ്രദേശവാസികളെ പരിഭ്രാന്തരാക്കി.
അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. തീപിടിത്തത്തെ തുടര്‍ന്നു സമീപമുള്ള സ്കൂളുകളും ആശുപത്രികളും അധികൃതര്‍ ഒഴിപ്പിച്ചു. പ്രദേശിക സമയം വ്യാഴാഴ്ച രാവിലെ പത്തോടെയാണു സംഭവം. റിഫൈനറിക്ക് അടുത്തുള്ള റോഡുകളിലൂടെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.