ജെറുസലേം: ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് പുതിയ നെതന്യാഹുവിന്‍റെ വെളിപ്പെടുത്തല്‍. 'പ്രൊജക്റ്റ് അമാദ്' എന്ന പേരില്‍ ഇറാന്‍ നടത്തിയ ആണവപരീക്ഷണങ്ങളെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും തങ്ങള്‍ക്ക് ലഭിച്ചതായി നെതന്യാഹു പറഞ്ഞു.
ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് 2015ല്‍ നല്‍കിയ ഉറപ്പ് ഇറാന്‍ ലംഘിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇറാന്റെ ആണവ വിവരങ്ങള്‍ പരസ്യമാക്കിയത്. എന്നാല്‍ ആണവ കരാറില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് നെതന്യാഹു ഇല്ലാത്ത തെളിവുകളുമായി വന്നിരിക്കുന്നതെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭിനന്ദിച്ചു.