മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ശിവസേന. ബി.ജെ.പി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ മകനെ തന്നെ രംഗത്തിറക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ശിവസേന. ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറി പാര്‍ട്ടി മഹാരാഷ്ട്രയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ജനുവരിയില്‍ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ശിവസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഇന്ന് ഉച്ചക്ക്ശേഷം മുതിര്‍ന്ന ശിവസേന നേതാക്കന്മാരുടെയും മന്ത്രി ഏക്നാഥ് ശിന്‍ഡെയുടെയും സാന്നിധ്യത്തില്‍ ശ്രീനിവാസ നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് സംസ്ഥാനത്ത് പാര്‍ട്ടിയുടെ ശക്തിയളക്കുന്നതിനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ശക്തമായ നീക്കങ്ങളാണ് ശിവസേന നടത്തുന്നത്. അന്തരിച്ച എം.പി ചിന്താമന്‍ വന്‍ഗയുടെ മകന്‍ ശ്രീനിവാസ വന്‍ഗയാണ് ശിവസേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
പാല്‍ഘര്‍ മണ്ഡലത്തില്‍ നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ശ്രീനിവാസ നാമനിര്‍ദേശ പത്രിക നല്‍കാനൊരുങ്ങുകയാണ്. ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വ്യാഴാഴ്ച ചിന്താമണ്‍ വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേര്‍ന്നു. സേന തങ്ങള്‍ക്കെതിരായി മത്സരിച്ചാല്‍ കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടേതായ രീതിയില്‍ അതിന് മറുപടി നല്‍കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഭീഷണിമുഴക്കിയിരുന്നു. ശിവ സേനയുടെ നേതാക്കളെ മറുകണ്ടം ചാടിക്കുമെന്നും അവരുടെ നീക്കത്തിനായി കാത്തിരിക്കുകയാണെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു.