തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. എളമരം കരീമിനൊപ്പം സിപിഐഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെയും രാജ്യസഭയിലേക്ക് സിപിഐഎം പരിഗണിച്ചിരുന്നു. ഒടുവില്‍ മുതിര്‍ന്ന നേതാവായ കരീമിനെ തന്നെ രാജ്യസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം, നിലവില്‍ സിപിഐഎമ്മിന്റെ ട്രേഡ് യൂണിയനായ സിഐടിയുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നത്. ഇപ്പോഴത്തെ എംഎല്‍എമാരുടെ കക്ഷിനില അനുസരിച്ച് രണ്ട് സീറ്റുകളില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകും. ഓരോ സീറ്റുകളില്‍ സിപിഐയും സിപിഐഎമ്മും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതനുസരിച്ച് മുന്‍ മന്ത്രി ബിനോയ് വിശ്വത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐഎമ്മിലെ സിപി നാരായണന്, കോണ്‍ഗ്രസിലെ പിജെ കുര്യന്, കേരള കോണ്‍ഗ്രസിലെ ജോയി എബ്രഹാം എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് പൂര്‍ത്തിയാകുന്നതോടെയാണ് കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വന്നത്.