മുംബൈ ; ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന ആരോപണവുമായി മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റാണെന്നും കേസില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സതീഷ് മഹാദേവറാവു ഹര്‍ജി നല്‍കിയത്. സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ.
ആരോപണം തെളിയിക്കുന്ന തെളിവുകള്‍ കൈയിലുണ്ടെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു. ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന ആവശ്യം നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അഭിഭാഷകന്‍ രംഗത്തെത്തിയിട്ടുള്ളത്. ചില നിര്‍ണായക രേഖകള്‍ മാത്രം ഹാജരാക്കുകയാണെന്നും ജീവനോടെയിരുന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.