ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായര്‍ക്ക്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ഏറ്റുവാങ്ങുന്ന ഗുരുപൗര്‍ണമി എന്ന കൃതിക്കാണ് പുരസ്കാരം.
2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാന് പുരസ്കാരവും രമേശന് നായര്‍ക്ക് ലഭിച്ചിട്ടുണ്ട്.
1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയില്‍ കുമാരപുരത്താണ് രമേശന് നായരുടെ ജനനം. കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉര്‍വശീപൂജ, അഗ്രേ പശ്യാമി, സരയൂ തീര്‍ഥം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകള്‍. സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍, തെന്‍പാണ്ഡി സിംഹം, സംഗീത കനവുകള്‍ എന്നിവയാണ് വിവര്‍ത്തനങ്ങള്‍. കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, പഞ്ചാമൃതം, കുട്ടികളുടെ ചിലപ്പതികാരം തുടങ്ങി ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചു. 150ഓളം ചലച്ചിത്രങ്ങള്‍ക്ക് രമേശന് നായര്‍ ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.