പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസിലാണ് ഇവര്‍ നിലക്കലില്‍ എത്തിയത്.
വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്‍ട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച പൊലീസ് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുവതികളെ അറിയിച്ചു. മുന്‍ അനുഭവങ്ങളെ കുറിച്ചും യുവതികളെ പൊലീസ് ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. പമ്പ വരെ പോകാനാണ് വന്നതെന്ന് യുവതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ശബരിമലക്ക് പോവാനാണ് വന്നതെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ പിന്മാറുകയാണെന്നും സംഘാംഗമായ ശ്രീദേവി പറഞ്ഞു.
മകര വിളക്ക് മഹോത്സവത്തിനായി ഇന്നലെ നട തുറന്നതു മുതല്‍ വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ ഒമ്പതു മണിവരെ മുപ്പതിനായിരം തീര്‍ഥാടകര്‍ എത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇത്രയും തിരക്ക് അനുഭവപ്പെടുന്ന സമയത്ത് യുവതികള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്ന് നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു.