തിരുവനന്തപുരം: ശബരിമലയില്‍ പുരുഷനൊപ്പം സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചത് സുപ്രീം കോടതിയാണെന്നും ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മണ്ഡലകാലം കഴിയുന്നത് വരെ സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെയും പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് മന്ത്രിമാര്‍ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നിരവധി ആചാരങ്ങള്‍ മാറിയിട്ടുണ്ട്. 1949ലാണ് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ മണ്ഡല മകരവിളക്കിന് മാത്രമേ ശബരിമല നട തുറന്നിരുന്നുള്ളൂ. മലയാളമാസത്തിലും ഓണത്തിനും നടതുറക്കാന്‍ പിന്നീട് തീരുമാനിച്ചു. നേരത്തെയുള്ള ആചാരത്തില്‍ നിന്നുള്ള മാറ്റമാണ്. അത് സൗകര്യപ്രദമാണ്. തിരക്ക് കുറയ്ക്കാം.ഇക്കാര്യത്തിലൊന്നും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.