ബസ്തി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സിന്ദൂരവും ഉപയോഗിക്കുന്നുവെന്നുമാണ് ബി.ജെ.പി എം.പി ഹരീഷ് ദ്വിവേദി കുറ്റപ്പെടുത്തിയത്. പ്രിയങ്ക തനിക്കോ ബി.ജെ.പിക്കോ ഒരു വിഷയമല്ലെന്നും എന്നാല്‍, രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നേരത്തെയും ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാവണനും സഹോദരി പ്രിയങ്ക ശൂര്‍പ്പണകയുമാണെന്നായിരുന്നു റോഹാനിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് പരിഹസിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത് ചോക്‌ലേറ്റ് മുഖങ്ങളെയാണെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി ആരോപിച്ചിരുന്നു. എന്നാല്‍, സുന്ദര മുഖമുള്ള പ്രിയങ്കയ്ക്ക് ഒരു രാഷ്ട്രീയ നേട്ടവും സ്വന്തമായി പറയാനില്ലെന്നായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ജായുടെ ആരോപണം.