തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ ഇതുവരെ 80 യൂണിറ്റിന് മേലെ വൈദ്യുതി ഉപഭോഗം കൂടിയിട്ടില്ല. ഇതേ തോതിൽ മുന്നോട്ട് പോയാൽ ഏപ്രിലിൽ വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ചതിലുമേറെയാകുമെന്നാണ് വൈദ്യുതി ബോർഡിന്റെ ആശങ്ക.
ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കൂടുന്നതിന് പുറമെ ജലസംഭരണികളിലെ ജലനിരപ്പും താഴ്ന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ച് ശതമാനം ജലശേഖരമാണ് കുത്തനെ കുറഞ്ഞത്. മാർച്ച് 24ന് 49.8 ശതമാനമുണ്ടായിരുന്ന പ്രധാനസംഭരണികളിലെ ജലവിതാനം ഇന്നലെ 45ശതമാനത്തിന് താഴെയെത്തി. ഇതോടെ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കാൻ ബോർഡ് നിർബന്ധിതമായി.
മാർച്ച് ആദ്യം പ്രതിദിനം 23 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോഴത് 19 ദശലക്ഷം യൂണിറ്റ് ആയി കുറച്ചു. ഇതനുസരിച്ച് പുറമെ നിന്ന് കൊണ്ടുവരുന്ന വൈദ്യുതിയുടെ തോത് ഉയർത്തേണ്ടിവന്നു.
പ്രതിദിനം പുറമെ നിന്ന് കൊണ്ടുവരുന്ന വൈദ്യുതിയിൽ എട്ട് ദശലക്ഷം യൂണിറ്റ് അധികം കണ്ടെത്തേണ്ടിവന്നു. സാമ്പത്തികമായി ഇത് വൈദ്യുതി ബോർഡിന് നഷ്ടമുണ്ടാക്കും.