'ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെ'- കേക്ക് മുറിച്ച് നൽകി തന്റെ സംവിധായകനോട് മലയാള സിനിമയുടെ വിസ്‌മയം പറഞ്ഞ വാക്കുകളാണിത്. ആ സംവിധായകൻ പൃഥ്വിരാജും താരം മോഹൻലാലുമാകുമ്പോൾ ആഹ്ളാദം ഇരട്ടിയാകുകയാണ് ആരാധകർക്ക്.
ഏറെ പ്രതീക്ഷയോടെ ഇന്നലെയാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. ആ സന്തോഷം പങ്കുവയ്‌ക്കുകയായിരുന്നു താരങ്ങൾ കുടുംബത്തോടൊപ്പം. വീ ആർ ബ്ളെസ്‌ഡ് എന്നു പറഞ്ഞുകൊണ്ടാണ് മോഹൻലാൽ പൃഥ്വിരാജിനൊപ്പം കേക്ക് മുറിച്ചത്.
തുടർന്ന് ഒരു കഷ്‌ണം രാജുവിന്റെ വായിൽവച്ചു കൊടുത്ത ശേഷം ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്‌തു. ലാലിന്റെ കാൽതൊട്ട് വണങ്ങിയാണ് രാജു ആ വാക്കുകളെ സ്വീകരിച്ചത്. ടൊവിനോ തോമസ്, സുചിത്രാ മോഹൻലാൽ, സുപ്രിയ മേനോൻ തുടങ്ങിയവരും ആഘോഷത്തിൽ പങ്കുകൊണ്ടു.
സ്‌റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയ നേതാവായി മോഹൻലാൽ അരങ്ങു വാഴുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയാണ് മുന്നേറുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു, നന്ദു, ഫാസിൽ തുടങ്ങിയ വൻതാരനിരയ്‌ക്കൊപ്പം പൃഥ്വിരാജും ലൂസിഫറിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
'ലാലേട്ടനെ ഞാൻ എങ്ങനെയാണോ കാണാൻ ആഗ്രഹിച്ചത് ആതാണ് ലൂസിഫർ' എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകരും.
video link : https://www.facebook.com/PrithvirajMoviepromotions/videos/2254885854724178/