ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ ചട്ട ലംഘനം ഇല്ലെന്നും ദൂരദർശൻ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാർ സംപ്രേഷണം ചെയ്തതിനു ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി സർക്കാരിന്‍റെ ഔദ്യോഗിക ചാനലിൽ സംപ്രേഷണം ചെയ്തത് വിശദീകരിക്കണമെന്നായിരുന്നു നോട്ടീസിലെ അവശ്യം.
റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്, കാവൽക്കാരൻ കള്ളനാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ബിജെപി ചൗക്കിദാർ കാമ്പെയ്ൻ ആരംഭിച്ചത്. രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലായാണ് ഈ സംവാദ പരിപാടി സംഘടിപ്പിച്ചത്. നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമോ ടിവി സംപ്രേഷണം ആഭംഭിച്ചതിലും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംപ്രേഷണം ചെയ്യുന്നതിനായി കഴിഞ്ഞ മാസം 31-നാണ് 24 മണിക്കൂർ ചാനൽ പ്രവർത്തനം തുടങ്ങിയത്.