ദില്ലി: വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയ്ക്കും വിലക്കേർപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് പരാതികളിൻമേൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത നടപടി. അസം ഖാന് മൂന്നും മനേക ഗാന്ധിയ്ക്ക് രണ്ടും ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
എസ്‍പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെയാണ് അസംഖാൻ 'കാക്കി അടിവസ്ത്രം' ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്.
ഇതിൽ അസംഖാനെതിരെ കേസെടുത്തിരുന്നു. വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തർപ്രദേശിൽ പ്രസംഗിച്ചതിനാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേക ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്.