ഹൈദരാബാദ്: തെലുങ്കാനയില്‍ 10 ദിവസത്തിനിടെ ജീവനൊടുക്കിയത് 21 വിദ്യാര്‍ഥികള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതോടെയാണ് ഇത്രയും കുട്ടികള്‍ ജീവനൊടുക്കിയത്. സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 9.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3.28 ലക്ഷം വിദ്യാര്‍ഥികളും (33 ശതമാനം) പരാജയപ്പെട്ടു.
പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കാരണം 99 മാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന വിദ്യാര്‍ഥിക്ക് ലഭിച്ചത് പൂജ്യം മാര്‍ക്ക്. നവ്യ എന്ന 12-ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് 99 മാര്‍ക്കിനു പകരം പൂജ്യം ലഭിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നതോടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയ അധ്യാപികയെ തെലുങ്കാന ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു.
പരീക്ഷകളിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. ലക്ഷ്മണ്‍ നിരാഹാര സമരം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഗുഡ് ഗവര്‍ണന്‍സ് ആയിരുന്നു ഫലം തയാറാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ സ്വകാര്യ ഏജന്‍സിയായ ഗ്ലോബറേന ടെക്‌നോളജീസ് എന്ന കമ്പനിക്കാണ് ചുമതല നല്‍കിയത്. ടിആര്‍എസ് നേതൃത്വത്തിന് ബന്ധമുള്ള സ്ഥാപമാണ് ഗ്ലോബറേനയെന്നും ഇത്രയും കുട്ടികളുടെ ഫലം തയാറാക്കാനുള്ള സാങ്കേതിക പരിചയം കമ്പനിക്ക് ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതിഷേധങ്ങളെ തുടര്‍ന്ന് പരീക്ഷയില്‍ പരാജയപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു.കൂട്ടത്തോല്‍വി അന്വേഷിക്കുന്നതിനായി നിലവില്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.