ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്ന യെച്ചൂരിയുടെ പരാമര്‍ശത്തിലാണ് കേസ്.
ഹിന്ദുക്കള്‍ അക്രമം നടത്തുമെന്ന് വിശ്വസിക്കാനാവില്ലെന്ന ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. 'ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു' എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. തുടര്‍ന്ന് തന്റെ പൂര്‍വികരെ അപമാനിച്ചു എന്നാരോപിച്ച് പരാതിയുമായി ബാബ രാംദേവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
' ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞ സിങ് പറയുന്നത്. നിരവധി രാജാക്കന്‍മാര്‍ രാജ്യത്ത് യുദ്ധം നടത്തിയിട്ടുണ്ട്. യുദ്ധങ്ങളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ് മഹാഭാരതവും രാമാണയവും. അതുയര്‍ത്തി പ്രചാരണം നടത്തിയിട്ട് ഹിന്ദുക്കള്‍ അക്രമകാരികളാകില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ഒരു മതം അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ അക്രമകാരികളല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണ്?' അദ്ദേഹം ചോദിച്ചു.
ഇതിനെതിരെ ശിവസേന, ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പേരിന് മുന്നിലെ സീതാറാം മാറ്റുകയാണ് യെച്ചൂരി ആദ്യം ചെയ്യേണ്ടതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.