കല്‍പറ്റ : സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. പുത്തനുടുപ്പും കളര്‍ഫുള്‍ ബാഗുകളും കുടകളും വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കടകളിലെത്തുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം സ്‌കൂള്‍ വിപണി സജീവമാണ്. ഓഫറുകളും വിലക്കിഴിവുകളും സമ്മാനകൂപ്പണുകളുമെല്ലാമായി കച്ചവടം പൊടിപൊടിക്കുന്നു. പ്രളയത്തിനു ശേഷം വ്യാപാര മേഖലയിലുണ്ടായ മാന്ദ്യം പതിയെ മാറിവരുന്നതിനിടെയാണ് ഉണര്‍വു പകര്‍ന്ന് സ്‌കൂള്‍ സീസണും എത്തുന്നത്.
അവഞ്ചേഴ്‌സാണ് ബാഗ് വിപണിയിലെ ട്രെന്‍ഡ്. അവഞ്ചേഴ്‌സ് ബാഗിനും അയണ്‍മാന്റെയും ക്യാപ്റ്റന്‍ അമേരിക്കയുടെയും ചിത്രമുള്ള ബാഗുകള്‍ക്കും ഡിമാന്‍ഡ് കൂടുതലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ത്രീഡി ബാഗുകളാണ് മറ്റൊരു പുതുമ. 450 രൂപ മുതല്‍ മുകളിലേക്കാണു വില. ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളിലേക്കു പ്രത്യേകം ബാഗുകളുണ്ട്. ആംഗ്രി ബേഡ്‌സ്, സ്‌നോ വൈറ്റ്, ഹള്‍ക്ക്, ഛോട്ടാ ഭീം, സ്‌പൈഡര്‍മാന്‍ തുടങ്ങിയവയുടെ മുഖചിത്രങ്ങളുള്ള ബാഗുകള്‍ ഏറെ വിറ്റുപോകുന്നതായി കച്ചവടക്കാര്‍ പറയുന്നു. 1600 രൂപ വരെയുള്ള സ്‌കൂള്‍ ബാഗുകളുണ്ട്. കുടയില്‍ ഇക്കൊല്ലവും പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെയാണ്.പാട്ടു പാടുന്നതു മുതല്‍ ജിപിഎസ് സംവിധാനമുള്ള കുടകളടക്കം വിപണിയിലെത്തിയിരിക്കുന്നു. കണ്ണും ചെവിയുമുള്ള കുടകള്‍ക്കും വെള്ളം ചീറ്റുന്ന കുടകള്‍ക്കും ആവശ്യക്കാരേറെ. 300 രൂപ മുതലാണു വില. കുട്ടികള്‍ക്കുള്ള റെയിന്‍കോട്ടുകളും നല്ലപോലെ വിറ്റുപോകുന്നുണ്ട്. 20 മുതല്‍ 180 രൂപ വരെ വിലയുള്ള പെന്‍സില്‍ ബോക്‌സുകളുണ്ട്. നോട്ടുബുക്കുകള്‍ക്ക് 30 മുതല്‍ 60 രൂപ വരെ വില.