കാസര്‍കോട്: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് റീപോളിംഗ്. ഞായറാഴ്ച ഈ ബൂത്തുകളില്‍ റീപോളിംഗ് നടക്കും.
കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരി മണ്ഡലത്തിലെ മുന്ന് ബൂത്തുകളിലും. കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ് നടക്കും. കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും കണ്ണൂര്‍ പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് 166-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും.
നാല് ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ ഒബ്സര്‍വര്‍മാരെയും വിവരം ധരിപ്പിക്കും.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വരുകയായിരുന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.