ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുക. പ്രഹ്‌ളാദ് ജോഷിയാണ് പാര്‍ലമെന്ററികാര്യ മന്ത്രി.
കേരളത്തിലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്റില്‍ എത്തിയത്.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരന്‍. ഏറെക്കാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വി മുരളീധരന്‍ രാജ്യസഭയിലേക്ക് എത്തിയത് .