തൃശ്ശൂര്‍: വിവാദമായ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. അവാര്‍ഡ് പുനപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്റെ കാര്‍ട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും ആ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും സാസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു.