തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ കാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ് വിപ്പാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇ.പി.ജയരാജനെ വീണ്ടും മന്ത്രിയായി തീരുമാനിച്ചതിനു പിന്നാലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കെ.രാജനെ ചീഫ് വിപ്പാക്കാന്‍ സിപിഐയിലും ധാരണയായിരുന്നു.
എന്നാല്‍ പെട്ടെന്നെത്തിയ പ്രളയവും ചെലവ് ചുരുക്കലും തീരുമാനം വൈകിപ്പിക്കുകയായിരുന്നു. പ്രളയാനന്തര കാലത്ത് കാബിനറ്റ് റാങ്കോടെ ചിഫ് വിപ്പിനെ നിയമിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിപിഐ തീരുമാനം വൈകിപ്പിച്ചത്. ആക്ഷേപങ്ങള്‍ കെട്ടടങ്ങിയതോടെ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ചീഫ് വിപ്പിനെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാരിലെ കാബിനറ്റ് പദവികള്‍ 23 ആയി.
നിയമസഭയില്‍ ഒല്ലൂരിനെ പ്രതിനിധീകരിക്കുന്ന കെ രാജന്‍ എഐവൈഎഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്.