ഇടുക്കി: പീരുമേട് പോലീസ് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിക്കാനിടയായ സംഭവത്തില്‍ 10 പോലീസുകാര്‍ക്കെതിരെ നടപടി. നെടുങ്കണ്ടം എസ്.ഐ അടക്കം നാല് പോലീസുകാരെ സസ്പെന്റു ചെയ്തു. സി.ഐ അടക്കം ആറു പേരെ സ്ഥലംമാറ്റി. അന്വേഷണ വിധേയമായാണ് നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡി.ഐ.ജി കാളിരാജ് മഹേജ് കുമാര്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പോലീസുകാര്‍ക്ക് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡി.ഐ.ജി അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡ് ചെയ്തിരുന്ന രാജ്കുമാര്‍ എന്നയാള്‍ ജൂണ്‍ 21നാണ് മരിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്ത് നടത്തിയിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒന്നാം പ്രതിയാണ് രാജ്കുമാര്‍. ജൂണ്‍ 15നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുമ്പോള്‍ ഇയാളെ മറ്റു രണ്ടു പേര്‍ക്കൊപ്പം ജൂണ്‍ 12ന് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചത്.
രാജ്കുമാറിന്റെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ടായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മരണകാരണം ന്യൂമോണിയ ബാധയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരം. എന്നാല്‍ പോലീസ് മര്‍ദ്ദനമാണെന്ന് ബന്ധുക്കള്‍ ആരോപിച്ച് രംഗത്തുവന്നതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടി വന്നത്.