തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതേസമയം വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വെള്ളിയാഴ്ച രാവിലെയാണ് കോളജില്‍ സംഘര്‍ഷം നടന്നത്. എസ്എഫ്ഐയും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റിരുന്നു. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.
എസ്എഫ്ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ ക്യാമ്പസിലും പുറത്തും പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചു.