ശ്രീഹരിക്കോട്ട: ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അവസാന നിമിഷം മാറ്റിവച്ച, ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് നടക്കുമെന്ന് ഐഎസ്ആര്‍ഒ. കഴിഞ്ഞ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കുമ്പോഴാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്നു മാറ്റിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ചന്ദ്രയാന്‍ വിക്ഷേപിക്കാനായിരുന്നു തീരുമാനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ചരിത്ര ദൗത്യത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റില്‍ ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, പര്യവേഷണം നടത്തുന്ന റോവര്‍, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്.