ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ ലോഞ്ചിംഗ് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സതീഷ് ധവാന്‍ സ്പെയ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 2-നെയും വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വി എംകെ 3 കുതിച്ചുയര്‍ന്നു. ഞായറഴ്ച വൈകിട്ട് 6.43ന് ആരംഭിച്ച് കൗണ്ട് ഡൗണ്‍ ഇന്ന് 2.43ന് പൂര്‍ത്തിയായതോടെയാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്. 20 മണിക്കൂറായിരുന്നു കൗണ്ട് ഡൗണ്‍. വിക്ഷേപണത്തിന്റെ 48-ാം ദിവസം വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും.
ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് ചന്ദ്രയാന്‍ 2. ചന്ദ്രനില്‍ അധികം പഠനവിധേയമാകാത്ത ദക്ഷിണ പോളാര്‍ മേഖലയില്‍ പഠനം നടത്തുന്നതിനാണ് ചന്ദ്രയാന്‍ 2 വികസിപ്പിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും സങ്കീര്‍ണമായ പദ്ധതികളിലൊന്നും ചന്ദ്രയാന്‍ 2 ആണ്.
ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ 2-ല്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആദ്യ ശ്രമത്തില്‍ ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് ആദ്യ ശ്രമം പരാജയപ്പെട്ടത്.