ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കി. എത്രയും വേഗം കശ്മീര്‍ വിടാന്‍ തീര്‍ഥാടകരോട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.
അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമം നടത്തുന്നതായി സേനാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ സ്നിപ്പര്‍ റൈഫിള്‍ കണ്ടെടുത്തതായി ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിടിച്ചെടുത്ത റൈഫിള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു നാല് ദിവസമായി വ്യാപകമായ തിരച്ചില്‍ നടത്തി. തിരച്ചിലില്‍ പാക്ക് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബും ടെലിസ്‌കോപിക് എം24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളും കണ്ടെത്തിയെന്നും സൈന്യവും പൊലീസും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
യാത്രികരെ ലക്ഷ്യമിട്ട് കുഴിബോംബ്, ഐഇഡി ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന വിവരമാണു ലഭിച്ചത്. അമര്‍നാഥ് യാത്രയുടെ പാതയില്‍ നടത്തിയ തിരച്ചിലില്‍ കുഴിബോംബുകള്‍ കണ്ടെത്തിയെന്നും ധില്ലന്‍ പറഞ്ഞു. തിരച്ചിലില്‍ മൈനുകളും മറ്റു ആയുധങ്ങളും കണ്ടെത്തിയത് പാക്ക് സൈന്യത്തിനു നേരിട്ടുള്ള ബന്ധമാണു സൂചിപ്പിക്കുന്നതെന്നും ധില്ലന്‍ പറഞ്ഞു.