അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യുഎഇയിലെ അജ്മാന്‍ കോടതിയിലുണ്ടായിരുന്ന ചെക്ക് കേസ് തള്ളി. ഹര്‍ജിക്കാരനായ നാസില്‍ സമര്‍പ്പിച്ച ഹർജി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിന്റെ പാസ്‌പോര്‍ട്ടും കോടതി തിരികെ നല്‍കി.
നീതിയുടെ വിജയമാണിതെന്ന് തുഷാര്‍ പ്രതികരിച്ചു. കേരള മുഖ്യമന്ത്രിക്കും, യുഎഇ ഭരണകൂടത്തിനും, എം.എ .യൂസഫലിക്കും അദ്ദേഹം നന്ദി അറിയിച്ചു.
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ കേസിലായിരുന്നു അജ്മാനില്‍ തുഷാര്‍ അറസ്റ്റിലായത്. പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലിലും 10 ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുകയിലും തുഷാറിന് ജാമ്യം ലഭിച്ചുിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിരുന്നതിനാൽ തുഷാറിന് നാട്ടിലേക്ക് മടങ്ങാൻ പറ്റിയിരുന്നില്ല.
തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ ദുബായില്‍ 12 വര്‍ഷം മുമ്പ് പ്രവർത്തിച്ചിരുന്ന ബോയിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനാണ് നാസില്‍ അബ്ദുള്ള. കരാര്‍ ജോലി ചെയ്ത വകയില്‍ 90 ലക്ഷം ദിര്‍ഹം (ഏകദേശം 17.1 കോടി രൂപ) അദ്ദേഹത്തിന് കിട്ടാനുണ്ടെന്നായിരുന്നു പരാതി.