തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ഹർത്താൽ നടത്തുന്നത്.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഹർത്താൽ അംഗീകരിക്കാൻ പറ്റില്ല എന്ന നിലപാടിലാണ് പൊലീസ്. ഹർത്താൽ നടത്തുന്നതിന് ഏഴ് ദിവസങ്ങൾക്ക് മുൻപ് നോട്ടീസ് നൽകിയിരിക്കണം എന്ന ചട്ടം സംഘടനകൾ പാലിച്ചിട്ടില്ല. അതിനാൽ ഹർത്താൽ ദിവസം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ നടന്നാൽ അതിന്റെ ഉത്തരവാദിത്തം ഹർത്താൽ ഘടിപ്പിക്കുന്നവർക്കായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.
ഹർത്താലിന്റെ ഭാഗമായി കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.