തിരുവനന്തപുരം: പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ പി.ടി തോമസ് നിയമസഭയില്‍ ഉയർത്തിയ അഴിമതി ആരോപണങ്ങക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി.പൊലിസ് വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പൊലിസിന് വേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, കാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമാണ്. സി.സി.ടി.വി.കള്‍ ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളത്. സിംസ് എന്ന പേരില്‍ നടത്തുന്ന വീടുകളില്‍ ക്യാമറകള്‍ വയ്ക്കുന്ന പദ്ധതിയില്‍ അഴിമതി നടന്നുവെന്നതും വസ്തുതാ വിരുദ്ധമാണെന്നും ഇതിന്റെ ചുമതല കെല്‍ട്രോണിനാണെന്നും ഇതിനു വേണ്ടി സര്‍ക്കാരോ പൊലിസോ പണം ചിലവഴിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ എസ്.എച്ച്.ഒ. മാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാന്‍ അനുവദിച്ച തുക വകമാറ്റിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. തണ്ടര്‍ബോള്‍ട്ടുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണികഴിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനത്ത് ഇതുവരെ സ്വീകരിച്ചിട്ടില്ല.