വാർദ്ധക്യം
****
ആറിത്തുടങ്ങിയ
വാർദ്ധക്യത്തിന്റെ
നിസ്സംഗതയോടെയുള്ള
ഇരിപ്പു കണ്ടാലറിയാം
പോക്കു വെയിലിൻ
ദൂരെയുള്ള ഊഴവും
കാത്തുള്ള ഇരിപ്പാണെന്ന്!
ഏകാന്തതയിലേക്ക്
മിഴികൾ നട്ടുള്ള
വിരസമായ ഒറ്റപ്പെടൽ
അവരെ മൗനത്തി-
ലാഴ്ത്തുന്നുണ്ടാവാം
പോയ കാലമഹത്വങ്ങൾ
പൊയ്ക്കാറ്റുപോലെ
ചിന്തകളിൽ നിന്നും
പറന്നു പോയിരിക്കാം
മറവിയിലേക്കു
കൂപ്പുകുത്തിയിന്നവർ
തടവറയുടെ പൊരുളറിയാതെ
വെറുതെ നോട്ടമെറിയുകയാവാം
അതെ ,ഇനിയുമിങ്ങനെ
എത്രകാലമെന്ന് നമ്മോട്
ചോദിക്കാതെ ചോദിക്കുന്നപോലെ
ഉമ്മറക്കോലായിയിൽ
വെറുതെയിരിപ്പാണവർ!
ഗോമതി ആലക്കാടൻ